വിദ്വേഷ നടപടികളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണം : ഹൈദരലി ശിഹാബ് തങ്ങള്‍

വെള്ളിയാഴ്ച ശാഖാതലങ്ങളില്‍ ഹോം പ്രൊട്ടസ്റ്റ്


മലപ്പുറം: ലോക്ക് ഡൗണിന്റെ മറവിലും അന്യായമായി കേസെടുത്തും വിദ്യാര്‍ത്ഥി നേതാക്കളെ ജയിലിലടച്ചും നടത്തുന്ന വിദ്വേഷ നടപടികളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി പ്രധാനമന്ത്രിക്ക് പത്ത് ലക്ഷം പരാതികളയക്കുന്ന പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് 19 നെ പ്രതിരോധിക്കാന്‍ ലോകം മുഴുവന്‍ പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഇക്കാലത്തും ഒരു ഭരണകൂടം ഇത്തരം പ്രതികാര നടപടികളുമായി മുന്നോട്ട് പോവുന്നത് നമ്മുടെ രാജ്യത്തിന്റെ അന്തസ്സിന് ചേര്‍ന്നതല്ലന്ന് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, പി.എസ്. എച്ച് തങ്ങള്‍, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, ആഷിഖ് കുഴിപ്പുറം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സംസ്ഥാനത്തിനകത്തും പുറത്തും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ധാരാളം പേര്‍ എസ് കെ എസ് എസ് എഫ് കാമ്പയിനിന്റെ ഭാഗമായി പ്രധാനമന്ത്രിക്ക് പരാതികളയച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.കെ കുഞ്ഞാലിക്കുട്ടി, വി.ടി ബല്‍റാം എം എല്‍ എ തുടങ്ങിയ പ്രമുഖരും ഇമെയില്‍ കാമ്പയിനില്‍ പങ്കാളികളായി.  വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് സംഘടനയുടെ എല്ലാ ശാഖാ തലങ്ങളിലും ഹോം പ്രൊട്ടസ്റ്റ് നടത്തും. പ്രവര്‍ത്തകരുടെ വീടുകളില്‍ നാല് പേര്‍ സാമുഹ്യ അകലം പാലിച്ച് പ്രതിഷേധ സൂചകമായി കറുത്ത മാസ്‌ക് ധരിച്ച് പ്ലക്കാഡുമായാണ് പ്രതീകാത്മക പ്രതിഷേധം നടത്തുക. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഈ പ്രതിഷേധ ഫോട്ടോ ആല്‍ബം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കും. കാമ്പയിന്റെ ഭാഗമായി പ്രമുഖരുടെ ഫെയ്‌സ് ബുക്ക് ലൈവ്, പോസ്റ്റര്‍ പ്രചരണം തുടങ്ങിയവ നടക്കും.
ഫോട്ടോ അടിക്കുറിപ്പ് :കേന്ദ്ര സര്‍ക്കാറിന്റെ വിദ്വേഷ നടപടികള്‍ക്കെതിരെ എസ് കെ എസ് എസ് എഫ് നടത്തുന്ന കാമ്പയിന്റെ ഭാഗമായി പ്രധാനമന്ത്രിക്ക് 10 ലക്ഷം പരാതികളയക്കുന്നതിന്റെ  സംസ്ഥാന തല ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു.