കോഴിക്കോട് : സംസ്ഥാനത്ത് കോവിഡ് 19 വ്യാപകമായ സാഹചര്യത്തിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് എസ് കെ എസ് എസ് എഫ് പ്രവർത്തകരും വിഖായ സന്നദ്ധ വിഭാഗവും പ്രതിരോധ പ്രവർത്തനത്തിനിറങ്ങുന്നു. പൊതു സ്ഥലങ്ങളിൽ കൈ കഴുകൽ ഉൾപ്പടെയുള്ള ശുചീകരണത്തിന് സൗകര്യമൊരുക്കും. പൊതുജനങ്ങൾക്കായുള്ള നിർദ്ദേശങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ മുഖേനയും വാഹനങ്ങളിൽ പ്രത്യേകം അനൗൺസ്മെന്റ് നടത്തിയും പ്രചരിപ്പിക്കും. ആശുപത്രികളിലെ ബ്ലഡ് ബാങ്കുകൾക്ക് സംഘടനാ പ്രവർത്തകർ രക്തദാനം നടത്തും. വിദേശത്ത് നിന്നും നാട്ടിലെത്തിയവരെ ആരോഗ്യ വകുപ്പു കൺട്രോൾ റൂമുമായി ബന്ധപ്പെടുത്തും. മാസ്കുകൾ, ടവലുകൾ, ഹാന്റ് വാഷ് ലിക്വുഡ് തുടങ്ങിയവ വിതരണം ചെയ്യും. വിവിധ ഘടകങ്ങളിലെ സംഘടനാ ഭാരവാഹികൾ ആവശ്യാനുസരണം ആരോഗ്യ സേവന മേഖലയിൽ രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി സത്താർ പന്തലൂരും അഭ്യർത്ഥിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന സാമഗ്രികൾക്ക് അമിത വില ഈടാക്കുന്നതും ബീവറേജ് ഔട്ട്ലെറ്റുകൾ തുറന്ന് പ്രവർത്തിക്കുന്നതും സർക്കാർ കർശനമായി നിർത്തലാക്കണമെന്നും അവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.