കോഴിക്കോട്: രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന മുദ്രാവാക്യവുമായി എസ് കെ എസ് എസ് എഫ് റിപ്പബ്ലിക് ദിനത്തിൽ ദേശവ്യാപകമായി സംഘടിപ്പിക്കുന്ന പതിമൂന്നാമത് മനുഷ്യ ജാലിക ഈ വർഷം നൂറ് കേന്ദ്രങ്ങളിൽ നടത്താൻ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. കേരളത്തിലെ പതിനാല് ജില്ലകൾക്ക് പുറമെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലും സൗദി അറേബ്യ, യു എ ഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, യു.കെ, മലേഷ്യ എന്നിവിടങ്ങളിലും മനുഷ്യ ജാലിക നടക്കും. ഇന്ത്യൻ ഭരണഘടന കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ റിപ്പബ്ലിക് ദിന പരിപാടി വളരെ വിപുലമാക്കാനും മത ജാതി വ്യത്യാസങ്ങൾക്കതീതമായി എല്ലാ വിഭാഗം ജനങ്ങളേയും പരിപാടിയിൽ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. ബഹുജന റാലി, ഭരണഘടന വായന, പ്രതിജ്ഞ, ദേശീയോദ്ഗ്രഥന ഗാനാലാപനം, പ്രമേയ പ്രഭാഷണം തുടങ്ങിയവ നടക്കും. വിവിധ കേന്ദ്രങ്ങളിൽ സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും നേതാക്കൾക്ക് പുറമെ രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ സംബന്ധിക്കും.
യോഗത്തിൽ പി.എം റഫീഖ് അഹ്മദ്, കുഞ്ഞാലൻ കുട്ടി ഫൈസി, സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ, ആഷിഖ് കുഴിപ്പുറം, സുഹൈൽ വാഫി കോട്ടയം, ഡോ. ടി. അബ്ദുൽ മജീദ്, ടി പി. സുബൈർ മാസ്റ്റർ, ഹാരിസ് ദാരിമി ബെദിര, ഫൈസൽ ഫൈസി മടവൂർ, ജലീൽ ഫൈസി അരിമ്പ്ര, ശുഐബ് നിസാമി നീലഗിരി, അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശേരി, ഒ.പി. എം അഷ്റഫ് , ശഹീർ ദേശമംഗലം, ശഹീർ അൻവരി പുറങ്ങ് , ആസ്വിഫ് ദാരിമി പുളിക്കൽ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി സത്താർ പന്തലൂർ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.