എസ്.കെ.എസ്.എസ്.എഫ് സാംസ്‌കാരിക പ്രതിരോധം ശ്രദ്ധേയമായി

പൗരത്വ ഭേദഗതി നിയമം:ഭരണഘടനയെ പിഴുതെറിയാനുള്ള ശ്രമം -കെ.പി രാമനുണ്ണി

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം ഭരണഘടനയെ പിഴുതെറിയാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സാഹിത്യകാരന്‍ കെ.പി രാമനുണ്ണി. എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച സാംസ്‌കാരിക പ്രതിരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിയമം നടപ്പിലാക്കിയത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ ദുഷ്ടലാക്ക് ജനങ്ങള്‍ തിരിച്ചറിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പ്രതികരണവും ജനങ്ങള്‍ ഒറ്റക്കെട്ടായി തെരുവിലിറങ്ങിയതും ഇതിന്റെ തെളിവാണെന്നും രാമനുണ്ണി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ മനസിനെ എളുപ്പത്തില്‍ വര്‍ഗ്ഗീയവത്കരിക്കാന്‍ സാധിക്കില്ല. ഡല്‍ഹി ജാമിയയില്‍ തുടങ്ങിയ മുന്നേറ്റം രാജ്യവ്യാപകമായി കലാലയങ്ങള്‍ ഏറ്റെടുത്തത് ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിലെ ശുഭസൂചകങ്ങളാണ്.
ഹിംസാത്മകമായ ശരീര ഭാഷയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടേത്. ഹിറ്റലര്‍ ജൂതന്‍മാരോട് പെരുമാറിയ അതേ സമീപനമാണ് ഇവിടെയും സ്വീകരിച്ചിരിക്കുന്നത്. രാജ്യത്ത് വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ് ഫാസിസ്റ്റ് ഭരണകൂടം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ വലിയ പ്രതിരോധനിര ശക്തിപ്പെടുത്തണം- രാമനുണ്ണി പറഞ്ഞു.
ചടങ്ങില്‍ സാംസ്‌കാരിക സാഹിത്യ രംഗങ്ങളിലെ പ്രമുഖരുടെയും ദലിത്, യുവജന സംഘടനാ നേതാക്കള്‍ പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസിഡന്റ് കുഞ്ഞാലന്‍ കുട്ടി ഫൈസി അധ്യക്ഷനായി.മുന്‍ മന്ത്രി കുട്ടി അഹ് മദ് കുട്ടി, ചരിത്രകാരന്‍ ഡോ. കെ. എസ് മാധവന്‍, കഥാകൃത്ത് പി. കെ പാറക്കടവ്, ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍, ധനീഷ് ലാല്‍ ( യൂത്ത് കോണ്‍ഗ്രസ്), നജീബ് കാന്തപുരം (മുസ് ലിം യൂത്ത് ലീഗ്), പി.ടി ഷൈജു (ഡി വൈ എഫ് ഐ), മുസ്തഫ മുണ്ടുപാറ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും ഒ.പി. എം. അഷ്‌റഫ് നന്ദിയും പറഞ്ഞു.