ന്യൂ ഡൽഹി:എസ് കെ എസ് എസ് എഫ് ട്രൈസനേറിയത്തിന്റെ ഭാഗമായി രണ്ടു ദിവസങ്ങളിലായി ന്യൂ ഡൽഹിയിൽ നടന്ന ദേശീയ പ്രതിനിധി സംഗമം സമാപിച്ചു. സംഘടനയുടെ നേതൃത്വത്തിൽ നടന്ന് വരുന്ന വിദ്യഭ്യാസ സാമൂഹിക ജാഗരണ പ്രവർത്തനങ്ങളെ ദേശീയാടിസ്ഥാനത്തിൽ വ്യാപിപ്പിക്കുന്നതിനായി പദ്ധതികൾ രൂപീകരിക്കാനും കര്മ്മ പദ്ധതികൾ ആവിഷ്കരിക്കാനുമാണ് സംഗമം സംഘടിപ്പിച്ചത്. സമാപന ദിവസത്തിലെ പരിപാടി ദാറുൽ ഹുദാ വൈസ് ചാൻസലർ ഡോ ബഹാഉദ്ധീൻ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ മുസ്ലിംകളുടെ ഭാവിയിലേക്കുള്ള വഴി സത്യസന്ധമായി മതത്തെ മനസ്സിലാക്കലും അത് അനുധാവനം ചെയ്യാലുമാണെന്ന് അദ്ദേഹം പറഞ്ഞു. വൈജ്ഞാനിക മുന്നേറ്റങ്ങൾ കൂടുതൽ ശക്തമായ രീതിയിൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും നടക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ സദസ്സിന് അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ മുസ്ലിംകൾ : മുന്നോട്ടുള്ള വഴികൾ എന്ന പ്രമേയത്തിൽ ഓൾ ഇന്ത്യ മുസ്ലിം മജ്ലിസ് മുഷാവറത് പ്രസിഡന്റ് നവീദ് ഹാമിദ്, ഇ ടി ബഷീർ മുഹമ്മദ് എം പി എന്നിവർ മുഖ്യപ്രഭാഷണം നടത്തി.പ്രമേയ ചർച്ചയിൽ ഇഗ്നോ മുൻ പ്രോ വൈസ് ചാൻസലർ ബഷീർ അഹമ്മദ് ഖാൻ, ഡോ സുബൈർ ഹുദവി ചേകനൂർ, മൗലാനാ അബ്ദുൽ മതീൻ വെസ്റ്റ് ബംഗാൾ, ഹസീബ് അഹമ്മദ് അൻസാരി മഹാർഷ്ട്ര, മുഹമ്മദ് അനീസ് അബ്ബാസി രാജസ്ഥാൻ എന്നിവർ സംസാരിച്ചു.
സമാപന സെഷനിൽ ഷഫീഖ് റഹ്മാൻ ബർഖ് എം പി സമാപന പ്രഭാഷണം നടത്തി. ദേശീയടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നത് സംബന്ധിച്ച് വിശദമായ ചർച്ച നടന്നു. ഡോ ബിഷറുൽ ഹാഫി, ജാബിർ ഹുദവി എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി.