SKSSF ദേശീയ സമ്മേളനത്തിനു തുടക്കമായി

എസ് കെ എസ് എസ് എഫ്  ട്രൈസനേറിയത്തിന്റെ ഭാഗമായി ന്യൂഡൽഹിയിൽ സംഘടിപ്പിക്കുന്ന ദേശീയ പ്രതിനിധി സംഗമം ഫലസ്തീൻ അംബാസഡർ അദ്നാൻ അബു അൽ ഹൈജ ഉദ്ഘാടനം ചെയ്തു.വൈവിധ്യപൂർണ്ണമായ സംസ്കാരങ്ങളുടെ നിലനിൽപ്പാണ് ഇന്ത്യയെ ശ്രദ്ധേയമാക്കുന്നത്.  അത്തരം മൂല്യങ്ങൾക്ക് പോറലേൽക്കാതെ കാക്കേണ്ടതുണ്ട്.ഫലസ്ത്വീനിൽ അധിനിവേശ പ്രശ്നങ്ങൾ ഇപ്പോഴും നിൽക്കുന്നുണ്ട്. ഇന്ത്യയിലെ മുഴുവൻ ആളുകളുടെയും പിന്തുണ ഫലസ്തീനികൾക്ക് ഉണ്ടാവേണ്ടതുണ്ട് എന്നും അദ്ദേഹം പ്രഭാഷണത്തിൽ പറഞ്ഞു. ഇൻക്ലൂസീവ് ഇന്ത്യ എന്ന പ്രമേയത്തിൽ രണ്ടു ദിവസങ്ങളിലാണ് പരിപാടി നടക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ബഹുസ്വരതയെന്ന ദർശനത്തെ ശക്തിപ്പെടുത്താൻ നാം പ്രതിജ്ഞാബദ്ധമാവേണ്ടതുണ്ട്. പരസ്പരമുള്ള സഹവർത്തിത്വവും സാഹോദര്യവും ഉറപ്പു വരുത്തേണ്ടത് ഇസ്ലാം നമ്മിൽ അർപ്പിച്ച ഉത്തരവാദിത്വമാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു.രാജ്യത്തെ മുഴുവൻ പൗരന്മാർക്കും തുല്യമായ അവകാശങ്ങൾ നമ്മുടെ ഭരണഘടന വകവെച്ചു നല്കുന്നുണ്ട്. ചരിത്രപരമായി ബഹുസ്വരതയുടെ മൂല്യങ്ങൾ നിലനിൽക്കുന്ന രാജ്യമാണ് നമ്മുടേത്. ഈയിടെയായി രാജ്യത്തെ അവശ വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും ആൾക്കൂട്ട ആക്രമണങ്ങളും സാമൂഹിക വിവേചനങ്ങളും  അരങ്ങേറുന്നുണ്ട്. അതവസാനിക്കണമെങ്കിൽ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളെ നാം തിരിച്ചു പിടിക്കേണ്ടതുണ്ടെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ്പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ പറഞ്ഞു.നാഷണൽ ഹെറാൾഡ് എഡിറ്റർ ഇൻ ചീഫ് സഫർ ആഗ  മുഖ്യ പ്രഭാഷണം നിർവഹിച്ചു.ഡോ. ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി,  ൽ, സയ്യിദ് സൈനുൽ ആബിദ് ചിശ്തി, സയ്യിദ് നസ്രുദ്ധീൻ ചിശ്തി, പ്രൊഫ മുഹമ്മദ് അഖ്തർ സിദ്ധീഖി, അഡ്വ സുല്ഫിഖർ അലി പി എസ്, ഓണംപിള്ളി മുഹമ്മദ് ഫൈസി ,അഡ്വ ഹാരിസ് ബീരാൻ എന്നിവർ പങ്കെടുത്തു.
കേരളം, മഹാരാഷ്ട്ര, ബീഹാർ, വെസ്റ്റ് ബംഗാൾ, കർണ്ണാടക തുടങ്ങി വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുമായി മുന്നൂറോളം പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. കേരളത്തിൽ ഏറ്റവും വലിയ മുസ്ലിം വിദ്യാർത്ഥി സംഘടനകളിൽ ഒന്നാണ് എസ് കെ എസ് എസ് എഫ്. സംഘടനയുടെ മേല്നോട്ടത്തിൽ ദേശീയാടിസ്ഥാനത്തിൽ വിപുലമായ വിദ്യാഭ്യാസ സാമൂഹിക പദ്ധതികൾ ആവിഷ്കരിക്കുകയും അതിനാവശ്യമായ കർമ്മ പദ്ധതികൾ രൂപപ്പെടുത്തുകയുമാണ് ദേശീയ സമ്മേളനത്തിന്റെ പ്രാഥമിക ലക്ഷ്യം. ബഹുസ്വരത, ഭരണഘടനയും സാമൂഹിക നീതിയും എന്നീ പ്രമേയങ്ങളിൽ ചർച്ചയും നടന്നു.
ദേശീയ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ നാളെ, ഇന്ത്യൻ മുസ്ലിംകൾ: ഭാവിയുടെ വഴികൾ എന്ന വിഷയത്തിൽ സകാത് ഫൗണ്ടേഷൻ ചെയർമാൻ സഫർ മഹ്മൂദ്, ആൾ ഇന്ത്യ മജ്ലിസ് മുശാവറത് പ്രസിഡന്റ് നവീദ് ഹാമിദ് എന്നിവർ സംസാരിക്കും. സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ,ഇ ടി മുഹമ്മദ് ബഷീർ എം പി എന്നിവർ പങ്കെടുക്കും. സമാപന സമ്മേളനം ഷഫീഖ് റഹ്മാൻ എം പി ഉദ്‌ഘാടനം ചെയ്യും.