കർണാടകയിലെ വിദ്യാഭ്യാസ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരിച്ചു

എസ് കെ എസ് എസ് എഫ് എഫും  ഫോർവേർഡ് ഫൗണ്ടേഷനും സംയുക്തമായി കർണാടകയിൽ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരിച്ചു. രാംനഗർ ജില്ലയുടെ ഭാഗമായ ചൻപടണ താലൂക്കിലെ ഹുങ്കനൂർ ഗവൺമെൻറ് ഉർദു സ്കൂൾ കേന്ദ്രീകരിച്ച് ഒരു വർഷത്തിലധികമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം നവീകരിച്ച പ്രൈമറി ക്ലാസിന്റെ ഉദ്ഘാടനത്തോടെ പൂർത്തിയായി. രാംനഗർ ജില്ലാ എഡ്യൂക്കേഷൻ കോർഡിനേറ്റർ ജിന്ന സാഹിബ് ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ചൻപടണ ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസറുമായി ധാരണാ പത്രം ഒപ്പിട്ട ശേഷമാണ് ഫോർവേഡ് ഫൗണ്ടേഷൻ ഹുങ്കനൂർ ഗവൺമെൻറ് ഉർദു സ്കൂളിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അക്കാദമിക് മികവിനൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിൽ കൂടി ഇടപെടാൻ പറ്റുന്ന രീതിയിലാണ് ധാരണാ പത്രത്തിൽ ഒപ്പു വെച്ചത്. ഇതിനോടകം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നിരവധി ട്രെയിനിങ് പ്രോഗ്രാമുകൾ നടപ്പിലാക്കി. സ്‌കൂളിലെ അധ്യാപകരെ സഹായിക്കുന്നതിന് വേണ്ടി ഒരു വർഷത്തേക്ക് ഒരു ഫുൾ ടൈമ് റിസോഴ്സ് പേഴ്സനെ നൽകിയിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾ പഠിക്കുന്ന ഈ ഗവർൺമെൻറ് സ്‌കൂളിന് ഫോർവേഡ് ഫൗണ്ടേഷന്റെയും എസ കെ എസ എസ എഫിന്റെയും ഇടപെടലുകൾ വലിയ രീതിയിൽ സഹായകമായിരുന്നു. രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കുള്ള പദ്ധതികൾ ആവിഷ്കരിച്ച് വരുന്നു. അബുദാബി എസ് കെ എസ് എസ് എഫ് ആണ് പദ്ധതിക്കുള്ള സാമ്പത്തിക സഹായം ചെയ്യുന്നത്.

ക്ലസ്റ്റർ റിസോഴ്സ് പേഴ്സൺ ഇസ്മായിൽ, മുഹമ്മദ് സനാഉല്ലാഹ്, സ്‌കൂൾ ഹെഡ്മിസ്ട്രസ് ഫർഹീൻ , ടീച്ചർമാരായ കിസുറുന്നിസ, ഗുൽസാർ ബാനു, എസ് വി ലക്ഷ്മി, ബാംഗ്ളൂർ ചാപ്റ്റർ എസ് കെ എസ് എസ് എഫ് പ്രസിഡന്റ് അസ്‌ലം ഫൈസി, സാബിത് കാന്തപുരം, സമദ് ഉസ്താദ്, എസ് ഡി എം സി മെമ്പർമാരായ സാബിയുള്ള ഖാൻ, നാസിർ പാഷ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു