
ബാര്‍പേട്ട(അസം): എസ്.കെ.എസ്എസ്.എഫ് നാഷണല്‍ കമ്മിറ്റി നടത്തുന്ന പ്രഥമ നോര്‍ത്ത് ഇന്ത്യ സര്‍ഗലയത്തിന്റെ വിളംബര റാലി നടത്തി. ബര്‍മറ ബാസാറില്‍ നിന്നും ആരംഭിച്ച റാലിയില്‍ അസം, ബംഗാള്‍, ബീഹാര്‍, മണിപ്പൂര്‍, ഝാര്‍ഖണ്ഡ്, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ മത്സരാര്‍ഥികള്‍ അണിനിരന്നു. അതതു സംസ്ഥാനങ്ങളിലെ സാംസ്‌കാരിക വൈവിധ്യം വിളിച്ചോതിയ റാലി ദാറുല്‍ ഹുദാ അസം കാമ്പസില്‍ അവസാനിച്ചു. വിളംബര റാലിക്കു ശേഷം പതാക ഉയര്‍ത്തല്‍ കര്‍മം നടന്നു. എസ്.കെ.എസ്എസ്.എഫ് സുപ്രീം കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ ഡോ.കെ.ടി.ജാബിര്‍ ഹുദവി പറമ്പില്‍ പീടിക, നാഷണല്‍ സെക്രട്ടറി അസ്‌ലം ഫൈസി ബാംഗ്ലൂര്‍, അസം ജനറല്‍ സെക്രട്ടറി ശറഫുദ്ദീന്‍ ഹുദവി അരിമ്പ്ര എന്നിവര്‍ യഥാക്രമം സമസ്ത, സര്‍ഗലയം, എസ്.കെ.എസ്എസ്.എഫ് എന്നിവയുടെ പതാകകള്‍ ഉയര്‍ത്തി. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് ടീം മാനേജര്‍മാര്‍ സംസ്ഥാന മുദ്രകള്‍ ചാര്‍ത്തിയ പതാകകളും ഉയര്‍ത്തി. ദാറുല്‍ ഹുദാ അസം കാമ്പസ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സയ്യിദ് മുഈനുദ്ദീന്‍ ഹുദവി വല്ലപ്പുഴ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.