“1921- 2021 കേരളാ മുസ് ലിംകൾ അതിജീവനത്തിന്റെ നൂറ് വർഷങ്ങൾ” മലബാർ ഹിസ്റ്ററി കോൺഗ്രസ് സംസ്ഥാന തല ഉദ്ഘാടനം തൃശൂരിൽ
കോഴിക്കോട്: ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ നിർണായക പങ്ക് വഹിച്ച മലബാർ സമരത്തിന്റെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി മലബാർ ഹിസ്റ്ററി കോൺഗ്രസിൻ്റെ സമര കേന്ദ്ര സംഗമങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം ആഗസ്ത് 20 ന് തൃശൂരിൽ നടക്കും. വൈകിട്ട് എം.ഐ.സി സെമിനാർ ഹാളിൽ നടക്കുന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കും. ടി. എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. പി സുരേന്ദ്രൻ, ഓണംപിള്ളി മുഹമ്മദ് ഫൈസി, സത്താർ പന്തലൂർ
ഡോ: മോയിൻ ഹുദവി മലയമ്മ തുടങ്ങിയവർ പ്രസംഗിക്കും.
രണ്ടാം ഘട്ടത്തിൽ ചരിത്ര വിദ്യാർത്ഥി – അദ്ധ്യാപക ഗവേഷക സംഗമം കോഴിക്കോട് വെച്ച് നടക്കും. ഒക്ടോബർ രണ്ടാം വാരത്തിൽ “സമരം, ചരിത്രമെഴുത്ത്, രാഷ്ട്രീയം” എന്ന പ്രമേയത്തിൽ നടക്കുന്ന സെമിനാർ ട്രെൻഡ് കേരളയും ഫാറൂഖ് കോളേജും അക്കാദമിക സഹകരണത്തോടെയാണ് നടത്തുന്നത്. മൂന്നാം ഘട്ടം ലോക്കൽ ഹിസ്റ്ററി സമ്മിറ്റ് നവംബറിൽ ക്ലസ്റ്റർ തലങ്ങളിൽ നടക്കും. നാലാം ഘട്ടത്തിൽ ഗവേഷണ പ്രബന്ധങ്ങളുടെ സമാഹരണവും ഹിസ്റ്ററി കോൺഗ്രസ്സ് ഗ്രാന്റ് ഫിനാലെയും ഡിസംബർ മൂന്ന്, നാല്, അഞ്ച് തിയ്യതികളിൽ മലപ്പുറത്ത് നടക്കും.