കോഴിക്കോട് : അറിവിന്റെയും അന്വേഷണത്തിന്റെയും ചിന്തകളുണര്‍ത്തി കണ്ണാടി – വിഷ്വല്‍ ഇംപാക്ട് ഷോക്ക് വര്‍ണ്ണാഭമായ തുടക്കം. എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദ്യശ്യ വിസ്മയം വര്‍ണ്ണ പ്രകാശങ്ങള്ക്കിടയില് ഖുര്‍ആന്‍ പാരായണത്തിന്റെയും ഡിജിറ്റല്‍ ശബ്ദ സംവിധാനത്തിന്റെയും കലാരൂപങ്ങളുടെയും സമന്വയം കാണികളില്‍ കൗതുകവും ആവേശവും പകര്‍ത്തുന്നതായി മാറി. പ്രദര്‍ശനം അബ്ദുസമദ് സമദാനി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക പ്രബോധനത്തിന് സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിന്റെ ഫലപ്രദമായ മാത്യകയാണ് ‘കണ്ണാടി’ പ്രദര്‍ശനമെന്ന് അദ്ദേഹം അഭിപ്രായപെട്ടു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ത്ഥന നടത്തി. സംഘാടക സമിതി ചെയര്മാന് മുസ്തഫ മുണ്ടുപ്പാറ അദ്ധ്യക്ഷത വഹിച്ചു. പ്രദര്‍ശനത്തിനുള്ള ആദ്യ കൂപ്പണ്‍ എ.പി.പി തങ്ങള്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങളില്‍ നിന്ന് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ആര്.വി കുട്ടി ഹസ്സന് ദാരിമി, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, കെ പി കോയ, പി ഹസൈനാര്‍ ഫൈസി, ഇസ്മായില്‍ ഹാജി എടച്ചേരി, റഷീദ് ഫൈസി വെള്ളായിക്കോട്, മജീദ് കൊടക്കാട്, കെ.എന്‍.എസ് മൗലവി, ആര്.എം സുബുലുസ്സലാം, കുഞ്ഞാലന്‍ കുട്ടി ഫൈസി, സുബൈര്‍ മാസ്റ്റര്‍, ആബിദ് ഹുദവി തച്ചണ്ണ തുടങ്ങിയവര്‍ സംസാരിച്ചു. സത്താര്‍ പന്തലൂര്‍ സ്വാഗതവും ആര്.വി.എ സലാം നന്ദിയും പറഞ്ഞു. പ്രദര്‍ശനം ഇന്ന് രാവിലെ 11 മണി മുതല്‍ ആരംഭിക്കും.