കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്, യു എ ഇ നാഷണൽ കമ്മിറ്റിയുടെ രണ്ട് ചാർട്ടേഡ് വിമാനങ്ങൾ ദുബൈ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് 175 വീതം യാത്രക്കാരുമായി നാളെ (വെള്ളി) കരിപ്പൂർ വിമാനത്താവളത്തിലെത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി സത്താർ പന്തലൂരും അറിയിച്ചു. തുടർന്നുള്ള ദിവസങ്ങളിലും ആവശ്യാനുസരണം വിമാനങ്ങൾ ചാർട്ട് ചെയ്യുന്നുണ്ട്.
റാസൽഖൈമ, ദുബൈ, ഷാർജ, അബുദാബി എന്നീ എയർപോർട്ടുകളിൽ നിന്നും 17 വിമാനങ്ങൾ ചാർട്ടർ ചെയ്യുന്നതിന് നടപടികൾ ഇതിനോടകം പൂർത്തിയായതായും ജൂൺ 25ന് മുമ്പായി 5 വിമാനങ്ങളുടെ യാത്ര ഷെഡ്യുളുകളും പൂർത്തിയായതായും എസ്.കെ. എസ്.എസ്.എഫ് യു എ ഇ നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ശുഐബ് തങ്ങൾ, ലീഗൽ & ട്രാവൽ വിഭാഗം ചെയർമാൻ ഷിഹാസ് സുൽത്താൻ, കൺവീനർ റസാഖ് വളാഞ്ചേരി എന്നിവർ അറിയിച്ചു. നാഷണൽ കമ്മിറ്റിയുടെയും വിവിധ സോണൽ കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ അവസാന ഘട്ട തയ്യാറെടുപ്പുകൾ നടന്നു വരികയാണ്.
യു എ ഇ യിൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യഘട്ടം മുതൽ തന്നെ പ്രവാസികളെ കേന്ദ്രീകരിച്ച് എസ്.കെ.എസ്.എസ്.എഫ് വിവിധ ജീവ കാരുണ്യ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി വരുന്നുണ്ട്. സംഘടനയുടെ ഹെൽപ്പ് ലൈനിന് കീഴിൽ ലീഗൽ & ട്രാവൽ, വിദ്യാഭ്യാസം, സഹചാരി റിലീഫ് സെൽ, മെഡിക്കൽ, കൗൺസിലിംഗ്, വിഖായ സന്നദ്ധ സംഘം തുടങ്ങി വ്യത്യസ്ത ഉപവിഭാഗങ്ങളിലൂടെയാണ് ആശ്വാസ പ്രവർത്തങ്ങൾ ഏകോപിപ്പിച്ചത്.
കോവിഡ് ബാധിതർക്കായി ദുബായ് അൽ വർസാനിൽ ഗവൺമെന്റ് ഒരുക്കിയ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കാനും ക്വാറന്റൈൻ സംവിധാനങ്ങൾ ഒരുക്കാനും ദുബായ് വിഖായ നടത്തിയ സേവന പ്രവർത്തങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ജോലി നഷ്ടപ്പെട്ടു റൂമുകളിൽ കഴിയേണ്ടി വന്ന നിരവധിപേർക്കാണ് സംഘടന പല ഘട്ടങ്ങളിലായി ആവശ്യമനുസരിച്ച് ഭക്ഷണവും അവശ്യസാധനങ്ങളും എത്തിച്ച് നൽകി ആശ്വാസമേകാനായത് .
രോഗബാധിതരായും തൊഴിൽ നഷ്ടപ്പെട്ടും നിരാശരായി കഴിഞ്ഞിരുന്നവർക്ക് ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരാൻ കൗൺസിൽ വിംഗ് നടത്തിയ പ്രവർത്തനവും ശ്രദ്ധേയമായി.മെഡിക്കൽ വിംഗിന് കീഴിൽ നിരവധി രോഗികൾക്ക് മരുന്നുകൾ ഏർപ്പാടാക്കിയും കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി തന്നെ രംഗത്ത് ഉണ്ടായിരുന്നു.