കോഴിക്കോട്: കോവിഡ് ബാധിച്ച് മനുഷ്യര്‍ മരിച്ച് വീഴുമ്പോഴും വിദ്വേഷ രാഷ്ട്രീയത്തിന്റെ നീചമായ നടപടികള്‍ സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ മനുഷ്യത്വപരമായ വഴികളിലേക്ക് തിരിച്ച് വരണമെന്നാവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി ഹോം പ്രൊട്ടസ്റ്റ് സംഘടിപ്പിച്ചു. പൗരത്വ സമരത്തിന്റെയും ഡല്‍ഹി കലാപത്തിന്റെയും മറപിടിച്ച് തങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവരെ വേട്ടയാടുന്നതിനെതിരെയാണ് ഹോം പ്രൊട്ടസ്റ്റ് നടത്തിയത്. ലോക്ക് ഡൗൺ മുഖേന വീട്ടിൽ അടച്ചിരിക്കേണ്ടി വന്നാലും നീതി നിഷേധത്തിനെതിരെ അവിടെ വെച്ചും പ്രതിഷേധിക്കുമെന്ന സമരാവേശമാണ് നാടൊട്ടുക്കും പ്രകടമായത്. ഇന്നലെ രാവിലെ പത്ത് മണിക്ക് സംഘടനയുടെ എല്ലാ ശാഖാതലങ്ങളിലും പ്രവർത്തകരുടെ വീടുകളില്‍ നാല് പേര്‍ സാമുഹ്യ അകലം പാലിച്ച് പ്രതിഷേധ സൂചകമായി കറുത്ത മാസ്‌ക് ധരിച്ച് പ്ലക്കാഡുമായാണ് പ്രതിഷേധം അറിയിച്ചത്. ഹോം പ്രൊട്ടസ്റ്റിന്റെ ഫോട്ടോകളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ച് വരികയാണ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാർ, എസ് കെ എസ് എസ് എഫ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ തുടങ്ങിയവർ അവരവരുടെ വീടുകളിൽ സംഘടനാ ഭാരവാഹികളോടൊപ്പം സമരത്തിൽ പങ്കാളികളായി. യു എ പി എ പോലുള്ള കരിനിയമങ്ങളെ അസ്ഥാനത്ത് ഉപയോഗിച്ച് രാജ്യത്ത് ഭരണകൂട ഭീകരത ആവര്‍ത്തിക്കുകയാണന്ന് പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാർ അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാറിന്റെ മനഷ്യത്വ വിരുദ്ധമായ നടപടികൾക്കെതിരെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ പരിധിയില്‍ നിന്ന് കൊണ്ട് സംഘടന പ്രതിഷേധ പരിപാടികള്‍ തുടരുമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അറിയിച്ചു.
പ്രധാനമന്ത്രിക്ക് 10 ലക്ഷം ഇമെയില്‍ പരാതികളയക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം കഴിഞ്ഞ ദിവസം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിർവ്വഹിച്ചിരുന്നു. ജനപ്രതിനിധികളും സംഘടനാ നേതാക്കളും ഉൾപ്പടെ ധാരാളം പേർ ഇ- മെയിൽ പരാതികൾ ഇതിനകം അയച്ചു കഴിഞ്ഞു.
സമരത്തിന്റെ ഭാഗമായി പ്രമുഖരുടെ ഫെയ്‌സ് ബുക്ക് ലൈവ്, പോസ്റ്റര്‍ പ്രചരണം തുടങ്ങിയവ നടന്നു വരികയാണ്.