പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭരണകൂടത്തിന് താക്കിതായി വിഖായ റാലി 

രാജ്യത്തെ ഒറ്റിക്കൊടുത്തവര്‍ക്ക് മുന്നില്‍ പൗരത്വം തെളിയിക്കേണ്ട ബാധ്യത
പൗരന്‍മാര്‍ക്കില്ല- ഹമീദലി തങ്ങള്‍
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭരണകൂടത്തിന് താക്കിതായി
എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ ആക്ടീവ് വിങ്ങ് വളണ്ടിയര്‍മാരുടെ റാലി. അരയിടത്ത് പാലത്ത് നിന്നാരംഭിക്കുന്ന റാലി നഗരം ചുറ്റി മുതലക്കുളം മൈതാനിയില്‍ സമാപിച്ച റാലിയില്‍ സംസ്ഥാനത്തിന്റെ വിവിധ
ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തോളം വിഖായ ആക്ടീവ് വിങ് വളണ്ടിയര്‍മാര്‍
അണിനിരന്നു. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക, രാജ്യത്തിന്റെ മതേതരത്വം
സംരക്ഷിക്കുക എന്നീ മുദ്രാവാക്യമുയര്‍ത്തി വിഖായയുടെ
നീലക്കുപ്പായമണിഞ്ഞാണ് പ്രവര്‍ത്തികര്‍ റാലിയുടെ ഭാഗമായത്.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍
ഉദ്ഘാടനം ചെയ്തു. പൗരത്വ നിയമത്തിലൂടെ രാജ്യത്തിന്റെ മതേതരത്വത്തെ
തകര്‍ക്കാനാണ് ഫാസിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നത്. എന്നാല്‍ ഇതിനെതിരെ
ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു ഇന്ത്യക്കാരന്‍ പോലും അംഗീകരിക്കില്ല.
സ്വാതന്ത്ര്യ സമരകാലത്ത് രാജ്യത്തെ ഒറ്റിക്കൊടുക്കുകയും ബ്രിട്ടീഷുകാരുടെ
പാദസേവ നടത്തുകയും ചെയ്തവരാണ് ഇന്ന് രാജ്യസ്‌നേഹവും പറഞ്ഞ് പൗരന്‍മാരുടെ
മുമ്പിലെത്തിയിരിക്കുന്നത്. അവര്‍ക്ക് മുന്നില്‍ പൗരത്വം തെളിയിക്കേണ്ട ബാധ്യത
ഇവിടെ ജനിച്ച ആര്‍ക്കുമില്ലെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ഒരു വിഭാഗംല ജനതയെ മാത്രം മാറ്റി നിര്‍ത്തുകയും അവരെ രണ്ടാംകിട
പൗരന്‍മാരാക്കുനുമുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് മുസ്്‌ലിം
മതവിഭാഗത്തിന്റെ മാത്രം പ്രശ്‌നമല്ല. രാജ്യത്തെ മതനിരപേക്ഷതയെ മുഴുവനായും
ബാധിക്കുന്ന ഒന്നാണ്. അത് കൊണ്ട് തന്നെ ചെറുത്ത് നില്‍പ്പുകള്‍ ഉയര്‍ന്നു
വരണമെന്നും അദ്ദേഹം പറഞ്ഞു.
വിഖായ ചെയര്‍മാന്‍ ജലീല്‍ ഫൈസി അരിമ്പ്ര അധ്യക്ഷനായി. നാസര്‍ഫൈസി
കൂടത്തായി, ബഷീര്‍ ഫൈസി ദേശമംഗലം, മുസ്തഫ അഷ്‌റഫി കക്കുപ്പടി എന്നിവര്‍
മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ്
ഫഖ്‌റുദ്ധീന്‍ തങ്ങള്‍, പി.എം റഫീഖ് അഹമ്മദ്, ഖാദര്‍ ഫൈസി, കുഞ്ഞാലന്‍കുട്ടി
ഫൈസി, ടി.പി സുബൈര്‍, ഒ.പി അഷ്‌റഫ് കുറ്റിക്കടവ്, ഡോ.സുബൈര്‍ ഹുദവി, ശഹീര്‍
ദേശമംഗലം, ശഹീര്‍ അന്‍വരി, നിസാം കണ്ടത്തില്‍, ശഹീര്‍ പാപ്പിനിശ്ശേരി, സിദ്ധീഖ്
അസ്ഹരി, ഇസ്മാഈല്‍ യമാനി, ഹുസൈന്‍ യമാനി, സലാം ഫറോക്ക്, റഷീദ്
വെങ്ങപ്പള്ളി, ബഷീര്‍ മംഗലാപുരം, സ്വാദിഖ് നീലഗിരി സംബന്ധിച്ചു. സല്‍മാന്‍
ഫൈസി സ്വാഗതവും നിസാം ഓമശേരി നന്ദിയും പറഞ്ഞു.