സെന്‍സസ്: സര്‍ക്കാര്‍ ആശയക്കുഴപ്പം പരിഹരിക്കണം

കോഴിക്കോട് : സെന്‍സസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ വിശദീകരണം നല്‍കണമെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പൗരത്വ രജിസ്‌ട്രേഷന്റെ മുന്നോടിയായുള്ള നടപടിക്രമമാണ് എന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ സെന്‍സസിന്റെ പുതിയ രൂപമായ ജനസംഖ്യാ രജിസ്റ്റര്‍ നടപടി ക്രമങ്ങളെ കുറിച്ച് ഔദ്യോഗിക വിശദീകരണം നല്‍കുകയും ഉദ്യോഗസ്ഥരെ അതിനനുസരിച്ച് ക്രമീകരിക്കുകയും വേണം. സര്‍ക്കാര്‍ തീരുമാനത്തിനപ്പുറം സംഘപരിവാര്‍ അജണ്ടകള്‍ നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. മതേതര കക്ഷികള്‍ ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരം നടപടികളിലെ സംഘപരിവാര്‍ അജണ്ടകളെ പ്രതിരോധിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം.
ദേശ വ്യാപകമായി നടത്തി വരുന്ന സമരങ്ങളെപോലെ കേരളത്തിലും ശക്തമായ ജനകീയ കൂട്ടായ്മകളാണ് പ്രക്ഷോഭങ്ങളെ ശ്രദ്ധേയമാക്കുന്നത്. എന്നാല്‍ അതിനിടയില്‍ പൊതു സ്വീകാര്യത ലഭിക്കുന്നതിനു വേണ്ടി ചില തീവ്രസ്വരക്കാര്‍ സമരങ്ങളില്‍ നുഴഞ്ഞുകയറുന്നത്
മത സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും തിരിച്ചറിയണം. മത ധ്രുവീകരണത്തിന് ആക്കം കൂട്ടുകയും സംഘപരിവാറിന് അവസരം നല്‍കുന്നതുമായ അത്തരക്കാരെ പൊതുസമൂഹം തിരിച്ചറിയുകയും അവരെ താല്‍ക്കാലിക ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നതില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെുന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി എം റഫീഖ് അഹമ്മദ് തിരൂര്‍, കുഞ്ഞാലന്‍ കുട്ടിഫൈസി നടമ്മല്‍ പോയില്‍,ഹാരിസ് ദാരിമി ബെദിര,സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, സുഹൈബ് നിസാമി നീലഗിരി, ആഷിഖ് കുഴിപ്പുറം, ഡോ.അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍, ആസിഫ് ദാരിമി പുളിക്കല്‍,ശഹീര്‍ അന്‍വരി പുറങ്ങ്,ഷഹീര്‍ ദേശമംഗലം,സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, ഒ പി എം അശ്‌റഫ് കോഴിക്കോട്, സുഹൈല്‍ വാഫി കോട്ടയം,ജലീല്‍ ഫൈസി അരിമ്പ്ര,ഖാദര്‍ ഫൈസി തലക്കശ്ശേരി ചര്‍ച്ചയില്‍ സംബന്ധിച്ചു.ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും,റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.