ന്യൂ ഡൽഹി: എസ് കെ എസ് എസ് എഫ് ട്രൈസനേറിയത്തിന്റെ ഭാഗമായി ആഗസ്റ്റ് 30, 31 തിയ്യതികളിൽ ന്യുഡൽഹിയിൽ സംഘടിപ്പിക്കുന്ന ദേശീയ പ്രതിനിധി സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. ഇൻക്ലൂസീവ് ഇന്ത്യ എന്ന പ്രമേയത്തിൽ രണ്ട് ദിവസമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുന്നോറോളം പ്രതിനിധികൾ സംബന്ധിക്കും. സംഘടനയുടെ ആഭിമുഖ്യത്തിൽ ദേശീയ തലത്തിൽ വ്യാപിപ്പിക്കാനുദ്ദേശിക്കുന്ന വിവിധ വിദ്യാഭ്യാസ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് സമ്മേളനത്തിൽ പദ്ധതി തയ്യാറാക്കും. ഇതിനു മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ പൈലറ്റ് പ്രൊജക്ടുകളുടെ റിപ്പോർട്ടുകൾ സമ്മേളനത്തിൽ അവലോകനം ചെയ്യും. തുടർന്ന് അടുത്ത രണ്ട് വർഷത്തെ പദ്ധതികൾക്ക് അന്തിമരൂപം നൽകും.
31 ന് വെള്ളിയാഴ്ച രാവിലെ 9.30 ന് ഇന്ത്യൻ ഇസ് ലാമിക് കൾച്ചറൽ സെന്റർ ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന പരിപാടി പാലസ്തീൻ അംബാസഡർ അദ്നാൻ അബു അൽ ഹൈജ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ.കെ ആലി കുട്ടി മുസ്ലിയാർ അധ്യക്ഷനാവും. നാഷണൽ ഹെറാൾഡ് പത്രാധിപർ സഫർ ആഗ മുഖ്യ പ്രഭാഷണം നടത്തും. എം.പിമാരായ പി കെ കുഞ്ഞാലികുട്ടി, പി.വി അബ്ദുൽ വഹാബ്, എളമരം കരീം, കേരള മുസ്ലിം വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് കെ.കെ ബഷീർ, അഡ്വ. സുൽഫിക്കർ പി.എസ് പ്രസംഗിക്കും. ഇൻക്ലൂസീവ് ഇന്ത്യ എന്ന വിഷയത്തിൽ ദി ഹിന്ദു അസോസിയേറ്റ് എഡിറ്റർ സിയ ഉ സലാം, സോഷ്യൽ ആക്ടിവിസ്റ്റ് ഹർഷ് മന്ദർ പ്രഭാഷണം നിർവ്വഹിക്കും.
രണ്ട് മണിക്ക് ഭരണഘടനയും സാമൂഹ്യനീതിയും എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ഡിസ്കഷൻ അഡ്വ. പ്രശാന്ത് ഭൂഷൻ ഉദ്ഘാടനം ചെയ്യും. ഓണംപിള്ളി മുഹമ്മദ് ഫൈസി അധ്യക്ഷനാവും. അഡ്വ. ഹാരിസ് ബീരാൻ, അഡ്വ. ഹാരിസ് ബീരാൻ, അഡ്വ. സയ്യിദ് മർസൂഖ് ബാഫഖി, ഷാഹിദ് തിരുവള്ളൂർ, അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി, അഡ്വ. സി.കെ ഫൈസൽ പ്രസംഗിക്കും.
ശനിയാഴ്ച രാവിലെ 9.30ന് ഐവാനെ ഗാലിബ് ഹാളിലാണ് പരിപാടികൾ നടക്കുക. ഇന്ത്യൻ മുസ് ലിംകളുടെ ഭാവി എന്ന വിഷയത്തിൽ നടക്കുന്ന ചർച്ച സകാത്ത് ഫൗണ്ടേഷൻ ചെയർമാൻ സഫർ മഹ് മൂദ് ഐ ആർ എസ് ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കും. ആൾ ഇന്ത്യ മജ്ലിസെ മുശാവറ പ്രസിഡന്റ് നവീദ് ഹാമിദ് മുഖ്യാതിഥിയായിരിക്കും. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, ഇ.ടി മുഹമ്മദ് ബഷീർ എം.പി, മൗലാനാ അബ്ദുൽ മതീൻ (പശ്ചിമ ബംഗാൾ), മൗലാനാ നൂറുൽ ഹുദാ നൂർ, ഹസീബ് അഹ് മദ് അൻസാരി (മഹാരാഷ്ട്ര), മുഹമ്മദ് അനീസ് അബ്ബാസി(രാജസ്ഥാൻ), മുഹമ്മദ് റഈസ് അഹ് മദ് (മണിപ്പുർ ), അനീസ് കൗസരി (കർണാടക), ഡോ. സുബൈർ ഹുദവി, ഡോ. ബഷീർ പനങ്ങാങ്ങര പ്രസംഗിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ പ്രതിനിധികളുടെ ഗ്രൂപ്പ് ചർച്ചക്ക് ഡോ. ബിഷ്റുൽ ഹാഫി, ഡോ. കെ.ടി ജാബിർ ഹുദവി തുടങ്ങിയവർ നേതൃത്വം നൽകും.
സമാപന സംഗമം എസ് കെ എസ് എസ് എഫ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ശഫീഖുർ റഹ്മാൻ ബർഖ് എം.പി. ഉദ്ഘാടനം ചെയ്യും. അമാനത്തുല്ലാഹ് ഖാൻ എം എൽ എ മുഖ്യാതിഥിയായിരിക്കും. പ്രമുഖ വ്യക്തിത്വങ്ങൾ സമാപന സന്ദേശം നൽകും.