കോഴിക്കോട്: പുതുതായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയം – 2019 സംബന്ധിച്ച് എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ഭേദഗതി നിർദ്ദേശങ്ങൾ സമർപ്പിച്ചു. സംഘടനയുടെ വിദ്യാഭ്യാസ വിഭാഗമായ ട്രെന്റിന്റെ ആഭിമുഖ്യത്തിൽ അക്കാദമിക വിദഗ്ദരുടേയും വിദ്യാഭ്യാസ പ്രവർത്തകരുടേയും പ്രത്യേക വർക് ഷോപ്പ് സംഘടിപ്പിച്ചാണ് വിദ്യാഭ്യാസ നയം അവലോകനം ചെയ്തത്.
ദേശീയ വിദ്യാഭ്യാസ നയത്തിലെ പല ഭാഗങ്ങളെ കുറിച്ചും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ സാധിക്കാത്ത വിധത്തിലാണ് അതിന് വേണ്ടി കേന്ദ്ര സർക്കാർ തയ്യാറാക്കിയ വെബ് സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്. ഇത് ജനങ്ങളുടെ അഭിപ്രായം സ്വീകരിച്ചുവെന്ന് വരുത്തി തീർക്കാനുള്ള ഒരു ചെപ്പടിവിദ്യ മാത്രമാണന്ന് സംഘടനക്ക് വേണ്ടി നിർദ്ദേശങ്ങൾ സമർപ്പിച്ച സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ പറഞ്ഞു. പൊതുജനങ്ങൾക്കിടയിലും വിദ്യാഭ്യാസ മേഖലയിലും വ്യാപകമായ ചർച്ചകൾക്ക് അവസരം നൽകാനും എല്ലാ മേഖലയെ കുറിച്ചുമുള്ള അഭിപ്രായങ്ങൾ ഉൾക്കൊള്ളാനും കേന്ദ്ര സർക്കാർ സന്നദ്ധമാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.