സൗഹൃദത്തിന്റെ ജാലിക തീര്‍ത്ത് എസ്.കെ.എസ്.എസ്.എഫ്

 

കോഴിക്കോട്: റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന സന്ദേശവുമായി എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക സംഘടിപ്പിച്ചു. രാജ്യത്തിനകത്തും പുറത്തുമായി 61 കേന്ദ്രങ്ങളിലാണ് മനുഷ്യ ജാലിക സംഘടിപ്പിച്ചത്. കേരളത്തില്‍ 14 കേന്ദ്രങ്ങളിലും ഡല്‍ഹി,ബംഗാള്‍,അസം, മഹാരാഷ്ട്ര, അന്ധ്രപ്രദേശ്, തെലുങ്കാന, കര്‍ണാടക,തമിഴ്‌നാട്, ലക്ഷദ്വീപ് എന്നീ സംസ്ഥാനങ്ങളില്‍ 17 കേന്ദ്രങ്ങളിലും മനുഷ്യ ജാലിക നടന്നു. കൂടാതെ ഗള്‍ഫ് രാജ്യങ്ങളായ സഊദി അറേബ്യ ,യു എ ഇ ,ഖത്തര്‍, ബഹ്‌റൈന്‍ ,ഒമാന്‍ , കുവൈത്ത് എന്നീ രാജ്യങ്ങളില്‍ മുപ്പത് കേന്ദ്രങ്ങളിലും പരിപാടി സംഘടിപ്പിച്ചു.ദേശീയോദ്ഗ്രഥന ഗാനം , പ്രതിജ്ഞ , പ്രമേയ പ്രഭാഷണം എന്നിവ ഏകീകൃത സ്വഭാവത്തോടെയാണ് നടന്നത്. കേരളം, കര്‍ണാടക ,തമിഴ്‌നാട് എന്നിവിടങ്ങളില്‍ ബഹുജന റാലിയും നടന്നു.എല്ലാ മതവിഭാഗങ്ങളുടേയും പൂര്‍ണ പങ്കാളിത്തത്തോടെ ഇന്ത്യയിലും വിദേശത്തും നടക്കുന്ന ശ്രദ്ദേയമായ റിപ്പബ്ലിക് ദിനാഘോഷമാണ് എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക.